Tuesday, April 30, 2013

തുടക്കം ..



                              


                                       എണ്പതുകളുടെ  ആദ്യ പകുതി .. അടിയന്തരാവസ്ഥയുടെ  അവശേഷിപ്പുകൾ നിലനില്ക്കുന്ന  രാഷ്ട്രീയ -സാമൂഹിക കാലഘട്ടത്തിൽ എറണാകുളം ജില്ലയിലെ ഒരു കമ്മ്യൂണിസ്റ്റ്‌ കർഷകതൊഴിലാളി ഗ്രാമത്തിലാണ് ഞാൻ ജനിച്ചത് .







                                       ആ  കാലഘട്ടത്തിനു ഒരു പ്രത്യേകതയുണ്ട്. ക്രിയാത്മക യൗവ്വനങ്ങൾ കേരളം  കയ്യടക്കിയ കാലം. പിൻ തലമുറക്കാരായി  വന്ന ഞങ്ങള്ക്ക് പക്ഷെ ആ പ്രൗഡി  എത്തിപിടിക്കാൻ  കഴിഞ്ഞില്ല . പുത്തൻ തലമുറയുടെ(എണ്പതുകളുടെ രണ്ടാം പകുതിയിലും തൊണ്ണൂറുകളുടെ ആദ്യത്തിലും )  വേഗത്തിനൊപ്പം പലപ്പോഴും എത്താനും ആയില്ല.
അങ്ങിനെ ഒരു ട്രാൻസിഷൻ പിരിയഡിൽ  (സാമ്പത്തിക വ്യവസ്ഥയിലും , സാമൂഹിക കാഴ്ച്ചപാടുകളിലും ,ടെക്നോളജിയിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്ന ഒരു  കാലഘട്ടത്തിൽ ) ജീവിക്കേണ്ടി വന്നതിന്റെ പ്രശ്നങ്ങൾ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് .








                         ബാല്യം മാർക്ക് ചെയ്യാൻ ഓർമ്മകൾ അധികമില്ല . പട്ടിണിയും കളിക്കൂട്ടുകാരിയും ഇല്ലായിരുന്നത് കൊണ്ടുതന്നെ  ബാല്യകാല സ്മൃതികളുടെ വലിയ സാധ്യതകൾ  നഷ്ട്ടമായി . പിന്നെ ഉള്ളത് വീട്ടില് (നാട്ടിലും )ആദ്യമായ് എത്തിയ UPTRON  TVയും കൃഷ്ണനായ് പ്രത്യക്ഷപ്പെടുന്ന  നിതീഷ് ഭരദ്വാജും ഹെർബെർട്ട് പാലവും ഒക്കെ ആണ്. വരാന്തയിൽ തൂക്കിയ മാർക്സിനെയും   ഏങൽസിനെയും  ലെനിനേയും മുൻ തലമുറയെന്നു  കൂട്ടുകാര്ക്ക് പരിചയപ്പെടുത്തിയ ,ചിലപ്പോളെല്ലാം അങ്ങിനെ വിശ്വസിച്ച കാലം . വീടിനു മുന്നിൽ അന്ന് അത്യാവശ്യം വലുപ്പവും വൃത്തിയുമുണ്ടായിരുന്ന തോട്ടിൻ കരയില്നിന്നു ചൂണ്ടയിടുന്നതിനപ്പുറം ഓർമ്മകൾ  ഇന്നും വളർന്നിട്ടില്ല .
അത്തരത്തിൽ വളരെ സാദാരണമായ  ബാല്യം .




                    പിന്നീട് സൗഹൃദ സദസ്സുകളിൽ സജീവമാകുന്നത്  കൊച്ചിയിലെ  പ്രീ -ഡിഗ്രീ  കാലത്താണ്  . 25 പൈസയുടെ ബസ്‌ യാത്രയും കപ്പൽ ചാൽ മുറിച്ചു നീങ്ങുന്ന ജങ്കാറും . കൊച്ചിയിലേക്കുള്ള യാത്ര അന്നും  ഇന്നും മോഹിപ്പിക്കുന്നത് തന്നെ.അന്നത്തെ സൗഹൃദങ്ങൾ പലതും ഇപ്പോളും സജീവമായി തുടരാൻ കഴിയുന്നുണ്ട് . അങ്ങിനെ കളിയും ചിരിയും ,കുരിശ്ശിൽ തറച്ചപോലെ പലകയിൽ ആണിയടിച്ചുവച്ച തവളയും ,ബ്യൂരട്ടും പിപ്പറ്റും ,ഫോർട്ട്‌കൊച്ചി  ബീച്ചും എല്ലാമായി രണ്ടു വര്ഷം .....








ജീവിതത്തിന്റെ ഒരു കാലഘട്ടത്തിന്  ഇവിടെ അതിരിടാം  ..

Monday, April 29, 2013

13 എന്ന ടൈറ്റിൽ

13 എന്ന ടൈറ്റിൽ
     
                       വലിയ ആലോചനകൾക്കൊടുവിൽ ഉരുത്തിരിഞ്ഞു  വന്നതൊന്നുമല്ല . പെട്ടെന്ന് മനസ്സിലേക്ക് വീണ  ഒരു വാക്ക് ( അല്ലെങ്കിൽ സംഖ്യ ), എന്നാൽ പിന്നെ ഈ അശുഭ  ലക്ഷണം തന്നെയാകട്ടെ എന്ന് വച്ചു .അത്രമാത്രം .


ഞാൻ

                       സൗഹൃദം  ,പ്രണയം ,രാഷ്ട്രീയം,സംഗീതം ,സിനിമ ,ലഹരി , സാമ്പത്തിക / മാനസിക പിരിമുറുക്കം,സാംസ്‌കാരിക അധപതനം ...അങ്ങിനെ എല്ലാം കടന്നു പോകുന്ന  ഒരു ശരാശരി ( ? ) മലയാളി .


എഴുത്ത്

                       
                        ഭാഷാപരവും ചിന്താപരവുമായ  പരിമിതികൾക്കകത്തുനിന്നു എന്നോട് തന്നെ സംവദിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു . അതുകൊണ്ട് തന്നെ എഴുത്തിനു നിയതമായൊരു ഘടനയോ രീതിയോ ഒന്നും കണ്ടേക്കില്ല .